കണ്ണൂർ: മക്കൾ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പെട്ട സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ പെട്ട സി പി എം കൊളക്കാട് ലോക്കൽ സെക്രട്ടറിക്ക് എതിരെ പാർട്ടി തലത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ജില്ലാ, ഏരിയ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. സെക്രട്ടറിയുടെ മൂത്ത മകനെ കഴിഞ്ഞ ദിവസങ്ങളിൽ കേളകം പോലീസ് രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു. ആദ്യ ദിവസം പിടിയിലായത് കഞ്ചാവ് കൈവശം വച്ചതിനായിരുന്നു. എന്നാൽ രണ്ടാം തവണ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ എറണാകുളത്ത് നിന്ന് തൃക്കാക്കര പോലീസിൻ്റ സഹായത്തോടെയാണ് പിടികൂടിയത്. ഇളയ മകനെതിരെയും മുൻപ് പൊലീസ് നടപടികൾ ഉണ്ടായിരുന്നു. പല സംഭവങ്ങളും പാർട്ടി തലത്തിലെ ഇടപെടലുകൾ മൂലം ഒഴിവാക്കപ്പെടുകയും രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മൂത്ത മകൻ ഇപ്പോൾ റിമാൻഡിലാണ്. ഇതോടെ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. എതിർപ്പ് ശക്തമായതോടെ പാർട്ടി നേതൃത്വം ഇടപെടാൻ നിർബന്ധിതമായി. കഴിഞ്ഞ ദിവസം യോഗം ചേർന്ന് ലോക്കൽ സെക്രട്ടറിയെ മാറ്റാനും മറ്റൊരാൾക്ക് താൽക്കാലിക ചുമതല നൽകാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലാ കമ്മിറ്റി ഉടൻ പ്രഖ്യാപനം നടത്തും. തെറ്റുതിരുത്തലും ക്ഷമ ചോദിക്കലുമൊക്കെയായി ജനത്തിൻ്റെ കണ്ണിൽ പൊടിയിട്ട് എങ്ങനെയും പിടിച്ചു നിൽക്കാനുള്ള അടവ് നയവുമായി പാർട്ടി രംഗത്തുള്ളതിനാൽ നടപടി ഉറപ്പിക്കാനാണ് സാധ്യത.
Children are not right; Party action against CPM local secretary.